ദുബായി: ഇറാന്റെ മിസൈലാക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം പശ്ചിമേഷ്യയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇറാൻ.
സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയാറാണെന്നും റഷ്യ പ്രഖ്യാപിച്ചു.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരു തരത്തിലുള്ള കീഴടങ്ങലിനും തയാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.